(1) നളകൂബര ശാപം.

ഒരിക്കൽ രാവണൻ നളകൂബരന്റെ പ്രതിശ്രുത വധുവായ രംഭയെ അവളുടെ യാത്രയ്ക്കിടെ അളകയ്ക്ക് സമീപം വച്ചു ബലാൽക്കാരമായി അനുഭവിച്ചു. ഇതറിഞ്ഞ നളകൂബരൻ ഇനി മേലിൽ വശംവദയാകാത്ത സ്ത്രീയെ പ്രാപിക്കാൻ ശ്രമിച്ചാൽ നിന്റെ ശിരസ്സു ഏഴായി പൊട്ടിത്തെറിച്ചു പോകുമെന്ന് ശപിച്ചു. ഇതിനാലാണ് അന്തപുരത്തിൽ വച്ചു സീതയെ ഒന്നും ചെയ്യാൻ കഴിയാഞ്ഞത്.
(2) വേദവതി ശാപം.
കുശധ്വജൻ എന്ന മുനിയുടെ ഏകപുത്രിയാണ് വേദവതി. അവൾ വിഷ്‌ണുവിനെ ഭർത്താവ് ആയി ലഭിക്കാൻ തപസ്സു ചെയ്യുമ്പോൾ രാവണനാൽ അപമാനിതയാകുകയുണ്ടായി. അപ്പോൾ അവൾ രാവണന്റെ കരസ്പർശത്താൽ അശുദ്ധമായ ശരീരം തനിക്കു ആവശ്യം ഇല്ലെന്നു പറഞ്ഞു അഗ്നി കൂട്ടി രാവണന്റെ കണ്മുമ്പിൽ വച്ചു ചാടി മരിച്ചു.
അടുത്ത ജന്മത്തിൽ മഹാവിഷ്ണു തന്റെ ഭർത്താവ് ആയി രാവണനെ വധിക്കുമെന്ന് മരിക്കുന്നതിന് മുമ്പ് ശപഥം ചെയ്തു.
(3) ബ്രാഹ്മണ ശാപം.
പരമശിവൻ നൽകിയ ത്രിപുര സുന്ദരി വിഗ്രഹം പ്രതിഷ്‌ടിക്കാൻ രാവണൻ ഒരു വൈദിക ബ്രാഹ്മണനെ ക്ഷണിച്ചു. അദ്ദേഹം വരാൻ താമസിച്ചതിനാൽ ആ ബ്രാഹ്മണനെ ബന്ധിച്ചു ഏഴു ദിവസം കാരാഗൃഹത്തിലിട്ടു. അതിനാൽ അയാൾ നിന്നെ ഒരു മനുഷ്യൻ കൈകാൽ ബന്ധിച്ചു ഏഴ് ദിവസം പൂട്ടിയിടട്ടേ എന്ന് രാവണനെ ശപിച്ചു.
(4) നന്ദികേശ്വര ശാപം.
കൈലാസ പർവതത്തിൽ വച്ചു നന്ദികേശ്വരനെ കുരങ്ങേന്ന് വിളിച്ചു കളിയാക്കിയപ്പോൾ നിന്റെ നഗരവും കുടുംബവും നീയും വാനരരാൽ
നശിക്കട്ടെ എന്നു നന്ദി ശപിക്കുകയും ചെയ്തു.
(5) വസിഷ്‌ഠ ശാപം
വേദശാസ്‌ത്രങ്ങൾ പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ട മുനി അനുസരിക്കാതിരുന്നപ്പോൾ രാവണൻ മുനിയെ ബന്ധനസ്‌ഥനാക്കി. കുവാലയാശ്വൻ എന്ന സൂര്യവംശ രാജാവ് മോചിപ്പിച്ചപ്പോൾ ഋഷി സൂര്യകുലജാതരിൽ നിന്നും നിനക്കും കുടുംബത്തിനും നാശം ഭവിക്കട്ടെ എന്ന് ശപിച്ചു.
(6) അഷ്ടാവക്ര ശാപം.
ഒരിക്കൽ ശ്ലെഷ്‌മാതകത്തിൽ വച്ചു മുനിയെ കണ്ട്, “ഹേ സുന്ദരാ ഈ എട്ടു വളവും മാറ്റിത്തരാം” എന്ന് പറഞ്ഞു രാവണൻ ആ സാധുവായ മുനിയ്ക്ക് ഒറ്റ ചവിട്ടു കൊടുത്തു. ദൂരെ തെറിച്ചു അദ്ദേഹം നിന്നെ ചപലകപികൾ പാദാദികേശവും കേശാദിപാദവും ചവിട്ടി മെതിക്കട്ടെ എന്ന് വേദനയോടെ ശപിച്ചു.
(7) ദത്താത്രേയ ശാപം.
ഗുരുവിനു അഭിഷേകം ചെയ്യാൻ മന്ത്രപൂരിതമാക്കിയ പൂർണ്ണ തീർത്ഥ കുംഭം അപഹരിച്ചു രാവണൻ തന്റെ സ്വശിരസ്സിനു അഭിഷേകം ചെയ്‌തതിൽ ക്ഷുഭിതനായി, ദത്താത്രേയൻ നിന്റെ ശിരസ്സ് വാനാരർ ചവുട്ടി അശുദ്ധമാക്കട്ടേ എന്നു ശപിച്ചു.
(8) ദ്വൈപായന ശാപം.
സ്വന്തം സഹോദരിയെ കണ്മുമ്പിൽ വച്ചു തടഞ്ഞു അധരങ്ങൾ മുറിപ്പെടുത്തിയപ്പോൾ, ദ്വൈപായനൻ
രാവണനെ “നിൻ്റെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തട്ടേ” എന്നും “ഭാര്യയെ വാനരന്മാർ അപമാനിക്കട്ടെ” എന്നും ശപിച്ചു.
(9) മാണ്ഡവ്യ ശാപം.
രാവണൻ മണ്ഡോദരിയുമൊന്നിച്ചു ഉല്ലാസയാത്ര ചെയ്യുമ്പോൾ മാണ്ഡവ്യൻ എന്ന മഹർഷി മാനിച്ചില്ലെന്ന കാരണത്താൽ മഹർഷിയെ മർദ്ദിച്ചു. അപ്പോൾ മുനി ഒരു വാനരൻ നിന്നെയും ഇങ്ങനെ മർദ്ദിക്കട്ടേ എന്നു ശപിച്ചു .
(10) അത്രി ശാപം.
ഒരിക്കൽ അത്രിപത്‌നിയെ അദ്ദേഹത്തിന്റെ മുമ്പിലിട്ടു മുടി പിടിച്ചു വലിച്ചിഴച്ചതിന്, “നിൻ്റെ പത്നിയെ നിൻ്റെ മുന്നിൽ വച്ചു വാനരൻമാർ മുടി പിടിച്ചു വലിച്ചിഴക്കുന്നത് നിനക്കു കാണേണ്ടി വരും” എന്ന് അത്രി മഹർഷി ശപിച്ചു.
(11) നാരദ ശാപം.
രാവണൻ പ്രണവാർത്ഥം പറഞ്ഞു കൊടുക്കാത്തതിനു നാരദൻ്റെ നാവു മുറിച്ചു കളയുമെന്നു പറഞ്ഞപ്പോൾ നാരദൻ നിൻ്റെ തല പത്തും ഒരു മനുഷ്യൻ മുറിച്ചു കളയട്ടേ എന്നു ശപിച്ചു.
(12) ഋതുവർമ്മ ശാപം.
മാരുത വനത്തിൽ വാനപ്രസ്ഥനായി കഴിഞ്ഞ ഋതുവർമ്മൻ്റെ പത്നിയായ മദനമഞ്ജരിയെ വ്യഭിചരിച്ചതിനു “നീ ഒരു മനുഷ്യനാൽ മരണമടയും” എന്ന് ഋതുവർമ്മൻ ശപിച്ചു.
(13) മൗൽഗല്യ ശാപം.
ഒരിക്കൽ മൗല്‍ഗല്യ മഹര്‍ഷി യോഗദണ്ഡില്‍ പിടലി താങ്ങി, മുഖം മലര്‍ത്തി ഹംസയോഗനിദ്രയില്‍ സ്വസ്തികാസനസ്തനായിരിക്കേ, രാവണന്‍ അവിടെ വരികയും തന്റെ ചന്ദ്രഹാസം കൊണ്ട് യോഗദണ്ട് പെട്ടെന്നു വെട്ടിമുറിക്കുകയും ചെയ്തപ്പോള്‍ മലര്‍ന്നടിച്ചു വീണപ്പോള്‍ നട്ടെല്ലൊടിഞ്ഞു മുനി നിന്റെ ചന്ദ്രഹാസം ഇനിയെങ്ങും ഫലിക്കാതെ പോകട്ടേ എന്നു ശപിച്ചു.
(14) ബ്രാഹ്മണീജനനീശാപം.
സമുദ്രസ്നാനത്തിനായി എത്തിയ ഏതാനും ബ്രാഹ്മണയുവതികള്‍ അവരുടെ അമ്മമാരുടെ മുമ്പില്‍വച്ചു രാവണനാല്‍ അപമാനിക്കപ്പെട്ടപ്പോള്‍ ആ മാതാക്കള്‍ നിന്റെ കുടുംബിനിയെ നിന്റെ മുമ്പില്‍ വച്ചു വാനരന്‍മാര്‍ അപമാനിക്കട്ടേ എന്നു ശപിച്ചു.
(15) അഗ്നി ശാപം.
ഒരിക്കല്‍ അഗ്നിദേവന്റെ മുമ്പില്‍ വച്ചു സ്വഭാര്യയായ സ്വാഹാദേവിയെ രാവണന്‍ അപമാനിച്ചപ്പോള്‍ അഗ്നിദേവന്‍ നീ നോക്കിയിരിക്കേ നിന്റെ ഭാര്യയെ കുരങ്ങന്‍മാര്‍ അപമാനിക്കട്ടേ എന്നു ശപിച്ചു.
(16) അനരണ്യ ശാപം.
സൂര്യവംശരാജാവായ അനരണ്യനെ അദ്ദേഹം എതിരിടാതെ അഭയമഭ്യര്‍ത്ഥിച്ചിട്ടും നെഞ്ചിലിടിച്ചു കൊന്നപ്പോള്‍ എന്റെ വംശജനായ ഒരു രാജകുമാരനില്‍ നിന്നു ശരങ്ങളേറ്റു പത്തു തലകളുമറ്റു നീ മരിച്ചു പോകട്ടേ എന്നു ശപിച്ചു.
(17) ബ്യഹസ്പതീശാപം.
രാവണന്‍ ദേവലോകത്തെ വിജയിച്ച ശേഷം ദേവന്മാരെ തിരിച്ചു പോരാനൊരുങ്ങിയപ്പോള്‍ പേടിച്ചു അഭയം തേടി, ഓടിയൊളിക്കാനൊരുങ്ങിയ സുലേഖാദേവിയെ ബലാല്‍ പിടിക്കാന്‍ ആഞ്ഞടുത്ത സമയം അവളുടെ പിതാവായ ദേവഗുരു കാമാസക്തനായ നീ രാമബാണമേറ്റു മരിക്കുമെന്നു രാവണനെ ശപിച്ചു.
(18) ബ്രഹ്മദേവശാപം.

ബ്രഹ്മദേവന്റെ മാനസപുത്രിയായ പുഞ്ജികാദേവിയെ രാവണന്‍ അപമാനിക്കാനൊരുങ്ങിയപ്പോള്‍ സമ്മതമില്ലാത്തവളെ തൊട്ടാല്‍ നിന്റെ പത്തു തലയും പൊട്ടിത്തെറിച്ചു പോകട്ടേ എന്നു രാവണനെ ശപിച്ചു.