സ്ത്രീ സുരക്ഷക്ക് എന്തോ പുതിയ പ്രഹസനം വരുന്നു പോലും!!!

ഇപ്പോൾ തന്നെ സ്ത്രീ സുരക്ഷക്ക് എന്തെല്ലാം ഉണ്ട്?? എന്നിട്ട് സ്ത്രീകൾ സുരക്ഷിതരാണോ??

ലിഖിതമായ നിയമങ്ങളല്ല… ഇപ്പറയുന്ന ഏതെങ്കിലും ഒരു നിയമങ്ങൾ വച്ച് ഒരു പീഡനക്കേസ് പ്രതിയെയെങ്കിലും മാതൃകാപരമായി ശിക്ഷിച്ചു എന്ന വാർത്തയാണ് വരേണ്ടത്. വീണ്ടും അങ്ങനെ ഒരുദ്യമത്തിന് ഇറങ്ങുന്നവർക്ക് ഒരു ഉൾഭയം തോന്നുന്ന വിധത്തിൽ നിയമമോ, നിയമ പാലകരോ, പൊതുജനമോ മുൻ പ്രതികളിൽ ആരെങ്കിലും മാതൃകാപരമായി ശിക്ഷിച്ചു എന്നൊരു വാർത്ത.

അത് നമ്മുടെ നാട്ടിൽ ഉണ്ടാകാനും പോകുന്നില്ല.

പൊതുജനവും, പൊതു പ്രവർത്തകരും, നവോദ്ധാന നാടകക്കാരും, സ്ത്രീ ശാക്തീകരണ തൊഴിലാളികളും, രാഷ്ട്രീയ കോമരങ്ങളും, മാധ്യമ സിംഹങ്ങളും എല്ലാം ഒരു പീഡനക്കേസ് കഴിഞ്ഞ് തൊട്ടടുത്ത വർത്തയിലേക്ക് തിരിഞ്ഞാൽ പിന്നീട് പീഡനത്തെക്കുറിച്ചും പ്രതികരണത്തെക്കുറിച്ചും സംസാരിക്കുന്നത് അടുത്ത ഒരു അപകടം ഉണ്ടാകുമ്പോൾ ആണ്.

സത്യത്തിൽ ഇര എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, സാമൂഹ്യ മാധ്യമങ്ങളിലും, ചാനലുകളിലെ അന്തി ചർച്ചക്കും, ചാനലുകൾക്ക് ടാം റേറ്റിംഗ് കൂട്ടാനും, വോട്ട് പിടിക്കാൻ ചൂണ്ടയിൽ കോർക്കാനും ഉള്ള ഒരു ഇര എന്നാണ്.

അടുത്ത ഒരു വാർത്ത വരുന്നതോടു കൂടി മുൻപ് പറഞ്ഞ എല്ലാതരം ആളുകളും ആ വിഷയം തന്നെ മറക്കുന്നു. പിന്നീടത് ഓർക്കുന്നതും വേട്ടയാടപ്പെടുന്നതും ആ ഇരയുടെ മാതാപിതാക്കളും സഹോദരങ്ങളും മാത്രം.

മാധ്യമങ്ങൾക്ക് ചൂട് പിടിച്ച ചർച്ചക്ക് പുതിയ വിഷയം കിട്ടുന്ന മാത്രയിൽ അവരുടെ മാധ്യമ ധർമം ആവിയായി പോകുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഗർജിക്കുന്ന സിംഹങ്ങൾക്കും നവോഥാന നാടകക്കാരും അടുത്ത ഇരയെ കിട്ടുന്നത് വരെ വിശ്രമത്തിൽ.

ഇതെല്ലാം മറന്ന്, കുറച്ചു ആഴ്ചകൾക്ക് അല്ലെങ്കിൽ മാസങ്ങൾക്ക് ശേഷം അടുത്ത ഒരു സംഭവം വരുമ്പോൾ ഇതേ ആളുകൾ വീണ്ടും ഇറങ്ങും… സോഷ്യൽ മീഡിയയിലും, അന്തി ചർച്ചയിലും എല്ലാം…

ഇത്തരം കേസുകളിൽ പ്രതി ഭാഗത്തിന് വേണ്ടി ആളൂരിനെ പോലുള്ളവർ വാദിക്കുമ്പോൾ അത് വെറും പബ്ലിസിറ്റിക്ക് വേണ്ടി എന്ന് പറയുന്ന അതേ ആളുകൾ ഇപ്പറഞ്ഞ അതേ പബ്ലിസിറ്റിക്ക് വേണ്ടി വീണ്ടും അന്തിചർച്ചകളിൽ…