കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30-ന് ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959 ൽ കെ.പി.സി.സി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി. ജീവിതകാലം മുഴുവൻ പാലാ നഗരസഭാ പരിധിയിൽ താമസം.

പാലായില്‍ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് കെ.എം.മാണി കടന്ന് വരുന്നത് 1965 ലാണ്. അന്നു മുതല്‍ ഇന്നു വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ല. രാഷ്ട്രീയത്തിലെ ഉയര്‍ച്ചതാഴ്ച്ചകളിലും പാല മാണിക്കൊപ്പം നിന്നു.

1975ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എ എന്നീ റെക്കോഡുകള്‍ക്കും ഉടമയാണ്.

1977-ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ല്‍ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ല്‍ കൃഷിവകുപ്പും 87ല്‍ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവര്‍ഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ജലസേചനവകുപ്പിന് പകരം റവന്യൂവകുപ്പ് അദ്ദേഹത്തിന് ലഭിച്ചു. 1991 ലും 2001ലും റവന്യൂ വകുപ്പിന്റെയും  നിയമവകുപ്പിന്റെയും ചുമതല  മാണിക്കായിരുന്നു.

2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകള്‍ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വര്‍ഷക്കാലം മന്ത്രിയായി പ്രവര്‍ത്തിച്ച മാണിയുടെ പേര് 1979 ല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും
നറുക്ക് വീണത് സി.എച്ച്.മുഹമ്മദ് കോയക്കായിരുന്നു.

അഭിഭാഷകന്‍ കൂടിയായ കെ.എം.മാണി 12 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

റെക്കോർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന് റെക്കോഡ്. അദ്ദേഹത്തിന്റെ ബജറ്റുകളിലെ ചില പ്രധാന ഏടുകൾ ഇവയാണ്.

ക്ഷേമപെൻഷനുകൾക്ക് തുടക്കം:ആദ്യമായി കർഷക പെൻഷൻ അനുവദിച്ചത് കെ.എം മാണിയുടെ 1980ലെ ബജറ്റിലാണ്. ഇതോടെയാണ് കേരളത്തിൽ ക്ഷേമ പെൻഷനുകൾക്ക് തുടക്കമായത്. വക്കീലൻമാർക്കും വക്കീൽ ഗുമസ്തൻമാർക്കും പെന്‍ഷന്‍ അനുവദിച്ചതും കെ.എം മാണിയുടെ ബജറ്റിലാണ്.

കാരുണ്യ പദ്ധതി: 2011ലെ കാരുണ്യ പദ്ധതി കെ.എം മാണിയുടെ കൈയൊപ്പ് പതിഞ്ഞ പദ്ധതിയാണ്. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്‌. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കി വരുന്ന കാരുണ്യ, കാരുണ്യ പ്ലസ്‌ എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത്.

റവന്യു അദാലത്തുകൾക്ക് തുടക്കം:റവന്യുമന്ത്രി എന്ന നിലയിൽ അദ്ദേഹമാണ് കേരളത്തിലാദ്യമായി റവന്യൂ അദാലത്തുകൾക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് കുടിവെളളം, വൈദ്യുതി എന്നിവ എത്തിക്കാൻ തുടങ്ങി വച്ച പല പദ്ധതികളും മാണി ബജറ്റിൽ അവതരിപ്പിച്ചിരുന്നതാണ്.

മിച്ച ബജറ്റ്:1986-87ലെ ബജറ്റിലാണ് മാണി രാജ്യത്തെ ആദ്യ മിച്ച ബജറ്റ് അവതരിപ്പിച്ചത്. ഇത് അക്കാലത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 15 കോടിയുടെ മിച്ച ബജറ്റ് ആണ് അന്ന് അദ്ദേ​ഗം അവതരിപ്പിച്ചത്.

അവസാന ബജറ്റ്:പതിമൂന്ന് ബജറ്റുകള്‍ അവതരിപ്പിച്ച മാണിയുടെ അവസാന ബജറ്റ് അവതരണം മലയാളികൾ മറക്കാനിടയില്ല. ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തീർത്ത പ്രതിഷേധം മറികടന്നായിരുന്നു കെ.എം മാണിയുടെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ബജറ്റ് വായിച്ചവതരിപ്പിക്കാതെ പാസാക്കേണ്ടി വന്നത് മാണിയുടെ അവസാനത്തെ ബജറ്റ് അവതരണ വേളയിലായിരുന്നു.

മരണം

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നെങ്കിലും രാഷ്ട്രീയരംഗത്ത് മാണി സജീവസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിനെതിരെയുണ്ടായ ബാർ കോഴ കേസിലെ വിധിയും കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ്. വിട്ടതുമൊക്കെയായി അദ്ദേഹം വാർത്തകളിൽ നിറഞ്ഞുവന്നിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ഒടുവിൽ, തോമസ് ചാഴിക്കാടനെ കോട്ടയം ലോക് സഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയാക്കി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ മാണിയ്ക്കായില്ല. ന്യൂമോണിയാ ബാധയെത്തുടർന്ന് 2019 മാർച്ച് 21-ന് കൊച്ചി ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട മാണി, അവിടെവച്ച് ഏപ്രിൽ 9-ന് വൈകീട്ട് 4:57-ന് അന്തരിച്ചു. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. മരണസമയത്ത് ഭാര്യ കുട്ടിയമ്മ, മകനും കേരളാ കോൺഗ്രസ് (എം) നേതാവും രാജ്യസഭാ അംഗവും മുൻ ലോക് സഭാ അംഗവുമായ ജോസ് കെ മാണി  തുടങ്ങിയവർ അദ്ദേഹത്തിന് സമീപമുണ്ടായിരുന്നു.