ഈയിടെ ഒരു ഓൺലൈൻ പത്രത്തിൽ ഒരു വാർത്ത വന്നു. അത് ഇപ്രാകാരമായിരുന്നു…

“ആരെയും ഞെട്ടിക്കുന്ന ശ്രുതിയുടെ വെളിപ്പെടുത്തൽ”

സത്യത്തിൽ ‘ശ്രുതി’ ആണോ ഞെട്ടിക്കുന്നത്, അതോ അവരുടെ ‘വെളിപ്പെടുത്തൽ’ ആണോ എന്ന് സംശയിച്ചു പോകും.

‘ആരെയും ഞെട്ടിക്കുന്ന ശ്രുതി’ നടത്തുന്ന വെളിപ്പെടുത്തലും, ശ്രുതി നടത്തിയ, ‘ആരെയും ഞെട്ടിക്കുന്ന’ വെളിപ്പെടുത്തലും അവർക്കു ഒരുപോലെ തന്നെ. ‘കുത്തും കോമയും’ എവിടെ വേണമെന്ന് പോയിട്ട്, അത് വേണോ എന്ന് പോലും അറിയാത്തവർ.

ചില മുൻ നിര ദൃശ്യ മാധ്യമങ്ങളിലും, ഒട്ടു മിക്ക ന്യൂ ജനറേഷൻ റേഡിയോകളിലും സ്ഥിതി ഇത് തന്നെ. അവർ വാർത്തകൾ വെറുതെ വായിച്ചു പോകുന്നു.

പറയുന്ന വാർത്തയെ കേൾവിക്കാരന്റെ മനസ്സിൽ നിർത്താൻ സാധിക്കുന്നത് വളരെ ചുരുക്കം വായനക്കാർക്ക് മാത്രം. അവരുടെ വായനയിൽ ശബ്ദത്തോടൊപ്പം ഭാവവും വരുന്നു എന്നതു തന്നെ കാരണം.

അതെങ്ങനാ?, പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ, ജോലിക്കു വേണ്ടി കേരളാ പി.എസ്.സി. അത് കിട്ടിയില്ലെങ്കിൽ ഇങ്ങനെ എന്തെങ്കിലും ജോലി. അവിടെ ഭാഷയെ കൊന്നു തിന്നാൽ ആരും ചോദിക്കാനും ഇല്ല, ഒരു പ്രതിഷേധവും ഇല്ല.
ഏതെങ്കിലും മന്ത്രിമാരോ, രാഷ്ട്രീയ നേതാക്കളോ, മറ്റു സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളോ എന്തെങ്കിലും അബദ്ധം പറഞ്ഞാൽ മാത്രമേ അവർ പ്രതികരിക്കൂ. അവർ എന്നാൽ, മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവർ.

ഒരു പ്രശസ്ത കവി, ഒരു സദസ്സിൽ പ്രസംഗിച്ചു; ‘മലയാള ഭാഷ മരിക്കുന്നില്ല; അത് ലോകമെമ്പാടും പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു…’ എന്ന്
പക്ഷേ പടരുന്നതും പന്തലിക്കുന്നതും ഭാഷയല്ല, ഭാവവും താളവും ഇല്ലാത്ത അക്ഷരങ്ങൾ മാത്രമാണെന്ന് അവർ വളരെ വേദനയോടെ തന്നെ തിരിച്ചറിയുന്നു.

ഫെയ്‌സ്‌ബുക്കിലും മറ്റുമായി എഴുതുന്നവർ ഒരുപാടുണ്ട്. മുൻ നിര സാഹിത്യ കൃതികളോട് കിട പിടിക്കുന്ന നോവലുകളും, കഥകളും കവിതകളും എല്ലാമായി നവ മാധ്യമങ്ങൾ നിറഞ്ഞാടുന്നവർ.

അവരാണ് ഈ പറഞ്ഞ പത്ര / ദൃശ്യ / ശ്രവ്യ മാധ്യമങ്ങളിൽ എങ്കിൽ, മലയാള ഭാഷക്കും അതൊരു കരുത്താകും.

ഹരീഷ് തിരുവാലി